2013, മാർച്ച് 9, ശനിയാഴ്‌ച

സ്വപ്ന സമൂഹം


മനുഷ്യജീവനു കാലടിയിലെ പൊടിയുടെ വിലപോലും കല്പിക്കാത്ത ഒരു സമൂഹത്തിലാണു നാമിന്നു ജീവിക്കുന്നതു. മൂല്യച്യുതിയുടേയും അധര്മ്മത്തിന്റേയും അസത്യത്തിന്റേയും സ്വാര്ത്ഥതയുടേയും തുടങ്ങി എല്ലാ നീചപ്രവൃത്തികളും കൊടികുത്തിവാഴുന്ന സമൂഹത്തിലാണ് നാം നല്ല നാളയുടെ, നല്ല സ്വപ്നങ്ങളുടെ വിത്തിറക്കേണ്ടതു. വിപരീത ദിശയില് സഞ്ചരിക്കുന്ന രണ്ടു രേഖകള്‍. നമുക്കിടയില് ഇന്നു "സമൂഹ മനസാക്ഷി" എന്നതു വാക്കില് മാത്രം ഒതുങ്ങുന്ന ഒന്നായി മാറിയിറിയിരിക്കുന്നു. മാത്രമല്ല സമൂഹം എന്ന സങ്കല്പത്തെ തന്നെ നാം മാറ്റിയെഴുതിയിരിക്കുന്നു, പരസ്പരാശ്രയത്വത്തിന്റെ പര്യായമായി, പവിത്രമായ ഒന്നയി സാമൂഹിക ശാസ്ത്രം കൊണ്ടു വന്നപദം ഇന്നു സ്വാര്ത്ഥതാല്പര്യങ്ങള്ക്കായി ഉപയോഗിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. പലസംഭവങ്ങളിലും സാമൂഹിക മനസ്സാക്ഷിയെ ഞെട്ടിച്ചസംഭവം എന്നു മാധ്യമങ്ങള്‍ വിശേഷിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥ മനസാക്ഷിയുള്ളവന്‍ ഏതു സമൂഹിക മനസ്സാക്ഷിയാണു ഞെട്ടിയതെന്നു ചിന്തിക്കും. അവന് ഒരു പക്ഷെ സമൂഹത്തിന്റെ മുന്നില് ചിത്തഭ്രമം ബാധിച്ച ഒരുവനായി തള്ളപ്പെടാം, അതാണു ഇന്നിന്റെ നേരു അതാണു ഇന്നിന്റെ സത്യം. നമുക്കും ചിന്തിക്കാം സ്വാര്ത്ഥതാല്പര്യങ്ങള്ക്കായി മറ്റുള്ളവന്റെ വേദനയെ കരുവാക്കാന്, നമുക്കും പ്രവര്ത്തിക്കാം മറ്റുള്ളവന്റെ പതനത്തില് നിന്നും നമ്മുടെ ഉയര്ച്ചക്കായി. ഒന്നുചീഞ്ഞാലേ മറ്റൊന്നിനു വളമാകൂ എന്ന പഴഞ്ചൊല്ലിനെ കൂട്ടുപിടിക്കം. ഇല്ലെങ്കില് നാം ഇന്നത്തെ സമൂഹത്തിന്റെ ഒരു കോണില് ആര്ക്കും വേണ്ടാത്ത പുഴുവരിച്ച കുപ്പതൊട്ടിയിലെ അവശിഷ്ടമായി മാറിയേക്കാം. അല്ലെങ്കില് ഓരോയുഗത്തിലും സമൂഹത്തിന്റെ മാറ്റത്തിനായി പിറവിയെടുത്ത ശുഭ്രനക്ഷത്രങ്ങളെ പോലെ ഉദിച്ചുയര്ന്നു ഇന്നിന്റെ നെറികെട്ട ശരികള്ക്കെതിരെ ആദര്ശാധിഷ്ടിത വിപ്ലവം സൃഷ്ടിക്കാം. തിരഞ്ഞെടുക്കേണ്ടത് നാമോരോരുത്തരുമാണു. ആദ്യത്തേതാണെങ്കില് എളുപ്പമാണ്, രണ്ടാമത്തേതു ദുഷ്കരവും. കാരണം ഒഴുക്കിനനുസരിചു നീന്തുക എന്നതു എളുപ്പമാണു, പക്ഷേ കഷ്ടതകള് വകവക്കാതെ ഒഴുക്കിനെതിരെ നീന്തി നാമെത്തപ്പെടുക സ്വപ്നം  കാണുന്ന സമത്വ സുന്ദരമായ ഒരു സമൂഹത്തിലാവും. സമൂഹത്തില് മാനുഷിക ബന്ധങ്ങളുടെ കെട്ടുറപ്പുണ്ടാകും, മനുഷ്യ മനസാക്ഷിയുണ്ടാകും, മറ്റുള്ളവന്റെ പതനം കരുവാക്കി സ്വയം ഉയരുന്നതിനു പകരം അന്യന്റെ പതനം സ്വന്തം പതനമാണെന്നു തിരിച്ചറിഞ്ഞു അവനെ കൂടി ഉയര്ത്തികൊണ്ടു വരുന്ന ഒരു സമൂഹം നമുക്കൊപ്പം ഉണ്ടാകും. സമൂഹത്തില് പണത്തിന്റേയോ സമ്പത്തിന്റേയോ മതില് കെട്ടുകള് ഉണ്ടാവില്ല. സ്വാര്ത്ഥതയുടെ ഭീഭത്സ രൂപം നമ്മുടെ കുട്ടികളില് അനാഥഭീതി സൃഷ്ടിക്കില്ല. അധികാരത്തിന്റെ മുഷ്കുകൊണ്ട് മനുഷ്യന് തന്നെ മനുഷ്യനെ അടക്കിവാഴുന്നതിനു പകരം സമൂഹത്തിന്റെ അവകാശികളായി സമൂഹം നമ്മുടേതായി നാമൊന്നയി നീങ്ങുന്ന ഒരു മാവേലി നാടായിരിക്കും നമ്മെ കാത്തിരിക്കുക.
                                                സ്വപ്നസമൂഹത്തിലേക്കുള്ള യാത്രയില് നമുക്കൊപ്പമുള്ള പലരേയും നഷ്ടപ്പെട്ടേക്കാം. ചിലപ്പോള് നമ്മെതന്നെ, പക്ഷെ ഉണ്ടാകുന്ന ഒരോ തിരിച്ചടിയേയും കരുത്തന്റെ ആയുധമായി, മനസ്സില് അണയാത്തതീയായി ആളികത്തിക്കണം. ലക്ഷ്യം  മുന്നില് കാണുക, നമുക്കെത്താന് കഴിയാത്തതായി ഒന്നുമില്ലെന്ന ചിന്ത മനസ്സിലുറപ്പിക്കുക, നാം കണ്ടസ്വപ്നം കൈപ്പാടകലെ നിന്നു മാടിവിളിക്കുന്ന സ്വപ്നം കണ്ടുണരുക. തെരുവിലെ വേദനിക്കുന്നവന്റെ ശബ്ദം കൂടപ്പിറപ്പിന്റെ വിളിയായി  കേള്ക്കാന് മനസ്സു പാകപ്പെടുത്തണം. വാക്കിന്റെ മൂര്ച്ചകൊണ്ട് അമ്മനമാടുന്ന മേലാളന്മാര്ക്കെതിരെ പുറംതിരിഞ്ഞു നടക്കണം, പ്രവൃത്തിക്കുന്നവന്റെ ഒപ്പം ചേരണം. അരികത്തണയാന് പോകുന്ന വസന്തത്തിന്റെ ഭംഗി ആസ്വദിക്കാന് മനസ്സും ശരീരവും വെമ്പല് കൊള്ളണം, അതു നമ്മുടെ പ്രവൃത്തികള്ക്കു ആക്കം കൂട്ടും.